My Blog is where I Find my Space..........

Am not a designer to create a beautiful blog . But, the expressions I made here are true ...........

26 June 2024


കാട്  - 

ഒരുപോലെ ആകാംക്ഷയും പേടിയും തോന്നുന്നൊരിടം...

ഒരു യാത്ര പോണം - ഉൾകാടിലേക്ക്...

പേടിപ്പിക്കുന്ന വന്യത -

ഭ്രമത്തിൽ നിന്നും പൈശാചികതയിലേക്കെത്തും വരെ നടക്കണം.. 


അതിനു തൊട്ടുമുമ്പത്തെ അവസ്ഥ വരെ 

ഞാൻ എത്തിച്ചേർന്നതാണ്

ശ്വാസം നിലച്ചു പോകുമെന്ന് തോന്നും വരെ... 


അവിടെ വെച്ച് നിന്റെ ആത്‍മാവ് 

ഈ പ്രകൃതിയെ സാക്ഷിനിർത്തി വിളിച്ചോതും 

നീ -  എന്റേതായിരുന്നുവെന്ന്....


Beegee Menon

 

അന്ന് നീ പറഞ്ഞ സ്നേഹത്തിന്റെ നേരും നേരമ്പോക്കും ഇന്നും അവ്യക്തം. എന്റെ കണ്ണിലെ തിളക്കം നിനക്കന്നു തിരിച്ചറിയാൻ  കഴിഞ്ഞിരുന്നെങ്കിൽ ഈ ഭൂമിയിലെ എല്ലാ  എതിർപ്പുകളേയും മറികടന്ന് ഒരുപഷേ നമ്മൾ ഒരുമിച്ചേനെ....


പക്ഷേ അതുകൊണ്ട് നിനക്കിന്ന് വലിയ ലോകങ്ങളിലേക്ക് എത്താൻ കഴിഞ്ഞില്ലേ - സന്തോഷമേയുള്ളു....


ഏറെ നാൾ തേടിനടന്ന എന്റെ സ്വപ്നമേ..

നീയിന്നും എനിക്കേറെ പ്രിയപ്പെട്ടത് -

കണ്ടില്ലെങ്കിലും, സ്നേഹിച്ചില്ലെങ്കിലും കൂടെ കൂട്ടിയില്ലെങ്കിലും... 


Beegee Menon

 

മഴ - പുറത്തെ മുറ്റത്ത്‌ ആഞ്ഞടിച്ചു പെയ്യുന്നു.

ഉമ്മറത്തെ തൂണും ചാരിയിരുന്ന്

മഴയുടെ വിവിധ രൂപഭാവങ്ങൾ കാണുകയായിരുന്നു.

യാദൃച്ഛികമായി ഒരിളംകാറ്റ് ഒരു കുമ്പിൾ മഴത്തുള്ളികളുമായി എന്നെ തലോടി കറങ്ങിനിന്നു. അത് മനസ്സിന്റെ തീക്കനലുകൾക്കു മേലെ തളിക്കുന്ന തീർത്ഥം പോലെ തോനി.


ആരോ പെട്ടെന്ന് കൈപിടിച്ച് വലിക്കുംപോലെ പുറത്തെ മഴയിലേക്ക് ഞാൻ എത്തിപ്പെട്ടു. ഒരു കുമ്പിൾ മഴത്തുളി കൊണ്ടും തീർക്കാനാവാത്ത സങ്കടങ്ങൾ കണ്ണീരോടെ ഭൂമിയെന്ന മാതാവിന് സമർപ്പിക്കാൻ... 


സ്നേഹിച്ചു വളർത്തിയ പിതൃക്കളും മഴയും ഭൂമിയും എന്നെ ചേർത്തുപിടിക്കുന്നു. അവരുടെ ലോകത്തേക്ക്....


Beegee Menon

 

നിലാവിൽ കുളിച്ച് ഈ നടുമുറ്റം...

ഇന്ന് പൗർണ്ണമിയായിരുന്നോ -

പൗർണ്ണമിയിൽ ചന്ദ്രനെ നോക്കി പ്രാർത്ഥിച്ചാൽ അത് നടക്കും എന്ന് പണ്ട് മുത്തശ്ശി പറയാറുണ്ടായിരുന്നു.


എത്ര പൗർണ്ണമികളിൽ ഞാൻ നിന്റെ സ്നേഹത്തിനു വേണ്ടി പ്രാർത്ഥിച്ചു.... എത്രയോ വർഷങ്ങൾ.... ആൾക്കൂട്ടത്തിനിടയിലെങ്കിലും എന്റെ കണ്ണിൽ നിന്നെ കാണിച്ചു തരണമേ എന്നും...

ഒരുപക്ഷേ നീയും അതാഗ്രച്ചിരുന്നെങ്കിൽ -

ഈ നിലാവ് പൂക്കുംപോലെ ഞാനും തളിർത്തേനെ....


Beegee Menon

29 May 2024

 എന്തെങ്കിലും കുത്തിക്കോറിയിട്ടു കുറെയായി

എഴുതാൻ ഒത്തിരി ഉണ്ടായിരുന്നു 

എന്നിട്ടും ഒന്നും വിവരിക്കാൻ ആയില്ല


വല്ലാത്തൊരു മൗനങ്ങളിലേക്ക് സ്വയം താണുപോയീ 

അതിൽനിന്നുള്ള കരകയറൽ അത്രക്ക് എളുപ്പമായിരുന്നില്ല 

തളർന്ന ചിറകുകളുമായി.. ആദ്യമായി പറക്കാൻ പഠിക്കുമ്പോലെ...

പാതിവഴി തന്നെ തിരിച്ചു്  എത്തിയോ ... അറിഞ്ഞുടാ..





08 September 2023

 Suffering can lead to Transformation and Redemption

and to marvellous Mystery !!!

വാഴച്ചാൽ ആതിരപ്പള്ളി യാത്ര

 








ഓരോ ആത്‌മാവിലും ജീവിതത്തിൽ കിട്ടാതെ പോയ 

തീവ്ര പ്രണയത്തിന്റെ അടയാളങ്ങൾ ബാക്കി വെക്കണം 

എത്ര ജന്മങ്ങൾക്കുശേഷവും വീണ്ടും കണ്ടെടുക്കാൻ

ഓർത്തെടുക്കാൻ........



26 June 2023

 ജൂൺ 25 ....

ഒരു കുടുംബത്തിനും പ്രിയപ്പെട്ടവർക്കും മുപ്പതു കൊല്ലങ്ങൾക്കു മുമ്പ്‌

നഷ്ടപ്പെട്ടത് അവനെന്ന പ്രാണനെ ആയിരുന്നു.... 


രണ്ടു വീട്ടുകാരും സന്തോഷത്തോടെ പറഞ്ഞുറപ്പിച്ച വിവാഹം -

കുട്ടികളുടെ പഠിപ്പ് ഒന്നുകൊണ്ടും തടസ്സപ്പെടുത്തരുതെന്നു കരുതി

മുതിർന്നവർ ഇക്കാര്യം മറച്ചുവെച്ചു.

ഞാനവനെ കണ്ടത് ആകെക്കൂടി രണ്ടു തവണ മാത്രം

അതും വെറും ചിരിയിലോ സുഖല്ലേ എന്ന ചോദ്യത്തിലോ മാത്രം ആയിരുന്നു

ഞങ്ങൾ പരിജയം കാണിച്ചിരുന്നത്

അമ്മയുടെ ഏറ്റവും അടുത്ത സുഹൃത്തിന്റെ മകൻ

ആന്റിയെപോലെതന്നെ,  കാണാൻ ഭംഗിയുള്ളൊരു യുവാവ്...

ഫിലോസഫി യിൽ ബിരുദാനന്തര ബിരുദം

ഇനിയും പഠിക്കാൻ ആഗ്രഹം ഇതൊക്കെയാണ് 

വീട്ടുകാർ പറഞ്ഞു കേട്ടത്.

യു കെ യിലേക്ക് ജോലിക്കും പഠിപ്പിനും പോവും മുൻപ്‌

കല്യാണം നടത്തണമെന്നത് അങ്കിൾനും ആന്റി ക്കും നിർബന്ധമായിരുന്നു

അവനും - പക്ഷേ അതവൻ അമ്മയോടു പറഞ്ഞപ്പോൾ നിങ്ങൾ രണ്ടാളും സംസാരിച്ച് ഒരു

തീരുമാനത്തിലെത്തു എന്നായിരുന്നു ആന്റിയുടെ മറുപടി.

അതിനു വേണ്ടിയായിരുന്നു കസിനും ഉറ്റ ചങ്ങാതിയുമോടൊപ്പം തലേന്ന് വീട്ടിലേക്ക് കയറി

വന്നത്. എല്ലാരോടും സംസാരിച്ച ശേഷം എന്നെ വിളിക്കാനും തനിയെ

സംസാരിക്കണമെന്നുണ്ടെന്നും പറഞ്ഞു.

ഏട്ടനാണ് അതു പറഞ്ഞത്  - അച്ചൂന് നിന്നോട്

എന്തോ സംസാരിക്കാനുണ്ടെന്ന്...

കറുത്ത വീതിയുള്ള കരയുള്ള മുണ്ടിലും കറുത്ത ഷർട്ടിലും തിളങ്ങി 

മുറ്റത്തെ ചെമ്പകമരച്ചോട്ടിൽ നിൽക്കുന്നുണ്ടായിരുന്നു 

കല്യാണക്കാര്യം പറയുമ്പോൾ ഇയാൾ എന്നെ ഇത്രക്കും സ്നേഹിച്ചിരുന്നുവെന്ന് അറിഞ്ഞില്ല.

ഏതു പെണ്ണിനും ഇഷ്ടം തോനിയേക്കാവുന്ന രൂപവും സ്വഭാവവും... എന്നിട്ടുമെന്തേ എന്നോട്... ചോദ്യം മറച്ചുവെച്ചില്ല...

കഴിഞ്ഞ നാലഞ്ചു കൊല്ലങ്ങളായി നീ എന്റെ മനസ്സിലുണ്ട്... പക്ഷേ അതിന്റെ പേരിൽ നമ്മുടെ പഠിപ്പ് പിന്നിലാവരുത്. അതു കൊണ്ടു മാത്രാ പറയാതിരുന്നത്. ഞാൻ പറഞ്ഞില്ലെങ്കിലും അമ്മ പറയൂല്ലോന്ന് കരുതി..

വൈകിപ്പോയി... ഒരുപാട്....

എന്റെ ഉള്ളിലെ പ്രണയത്തെ തേടി ഞാൻ അലയുകയാണിപ്പോൾ.... എവിടെയെന്നറിയില്ല.... കണ്ടെത്തണേ എന്ന പ്രാർത്ഥനയിലാണ് എന്റെ ജീവിതം...

പിന്നെയും എന്തോക്കെയോ അങ്ങോട്ടുമിങ്ങോട്ടും തർക്കിച്ചു...

കാറിന്റെ ഡാഷ്ബോർഡ് തുറന്ന് malboro സിഗരറ്റ് എടുത്തു വലിക്കുന്നത് കണ്ടു. 

അങ്കിളിന്റെ പ്രിയപ്പെട്ട malboro...

ലാൻഡ്ഫോണിലേക്ക് ആന്റി വിളിച്ചപ്പോൾ പറഞ്ഞു അച്ചു അവിടെ വന്നു എല്ലാം പറയും എന്ന്.

വീട്ടിലെത്തിയ ഉടൻ ബൈക്കും കൊണ്ട് പോയതാണ് ബീച്ചിലേക്കെന്നും പറഞ്ഞ്.

പിന്നെ അപകടത്തിൽ പെട്ട്‌ കോഴിക്കോട്ടെ പ്രശസ്ത ഹോസ്പിറ്റലിൽ...

പിറ്റേന്ന്.... ഓർക്കാൻ കൂടി വയ്യാ... എല്ലാം അവസാനിപ്പിച്ച് യാത്രപറയാതെ.....

തലേന്ന് നിറവിളക്കുപോലെ എന്റെ മുമ്പിൽ കത്തിനിന്ന ദേവരൂപം....

 ഞാൻ കാരണം.... 

എന്റെ ദൈവമേ....








പ്രിയപ്പെട്ട വായനക്കാർക്ക്......

 നന്ദി -

ബ്ലോഗ് വായിച്ചതിന് ,

നിങ്ങളുടെ കമെന്റുകൾ പലതും നീണ്ട വരികളിലൂടെ

എന്റെ മെയിൽ ലേക്ക് എഴുതിയതിന്...

നിങ്ങളുടെ അഭിപ്രായങ്ങൾക്ക്...

വന്നു പെട്ട ഒന്നുരണ്ടു വിമർശനങ്ങൾക്കും...

പിന്നെ നിങ്ങളുടെയും ചിന്തകൾ പങ്കുവെച്ചതിനും....


വായിച്ചവരിൽ പലരും സുഹൃത്തുക്കളും എന്നെ അറിയുന്നവരുമായോണ്ട്

അനാവശ്യ മര്യാദയുടെ ആവശ്യമില്ല !!! 

പലരും അവരുടെ സുഹൃത്ത് വലയങ്ങളിലും

ഈ ബ്ലോഗ് എത്തിച്ചതറിഞ്ഞതിൽ സന്തോഷം...

ക്ഷമിക്കുക  അവരും എന്റെ എഴുത്തിനെ അറിഞ്ഞവർ തന്നെ .....


വിമർശനങ്ങൾക്ക് ബ്ലോഗ് ലുടെ മറുപടി വേണമെന്ന് ഒരു സുഹൃത്തു പറയുന്നു

കാരണം ഇതു പലരും ബ്ലോഗ് വായിക്കുമ്പോൾ മനസ്സിൽ ചോദിച്ചേക്കാവുന്നത്

ചോദ്യം ഇതാണ്  " ഇന്നത്തെ കാലത്ത് പ്രണയത്തിന് ഇത്രമാത്രം വിലയുണ്ടോ "

"അറിയില്ല സുഹൃത്തേ സത്യവും ശുദ്ധവുമായ പ്രണയം ഒരുപക്ഷേ ഇങ്ങിനെയാവും.."

ബാക്കിയുള്ള എന്റെ നിലപാടുകൾ തന്റെ മെയിലിൽ വന്നിട്ടുണ്ട് നോക്കുക. 


ബ്ലോഗിന്റെ ആമുഖത്തിൽ പറഞ്ഞപോലെ എന്റെ ചിന്തകളും, ഓർമകളും, അനുഭവങ്ങളും

ഞാൻ കണ്ട ജീവിതങ്ങളുമാണ് ഇതിലുള്ളത്...

എന്റെ എഴുത്തിനെ കാശിന് പ്രദർശിപ്പിക്കാൻ താൽപ്പര്യമില്ലാത്തോണ്ട്

അടുക്കിപെറുക്കി വെക്കാൻ സാധിച്ചില്ല 

 അതിന്റെ കുറവ് ഉണ്ടാവാം

സദയം ക്ഷമിക്കുക.......

നിങ്ങളുടെ കമെന്റുകൾ നീളുന്നുവെങ്കിൽ

അത് എന്റെ മെയിലിലേക്ക്  രേഖപ്പെടുത്തുക

നന്ദി ഒരിക്കൽക്കൂടി.....


20 June 2023

വായനാവാരം

വായിക്കുക  ഏതു പ്രായത്തിലാണെങ്കിലും

അക്ഷരങ്ങൾ ഈശ്വരതുല്യമാണ്....


വലിയ മഹാദ്മാക്കൾ എഴുതി നിർത്തിയേടത്തുനിന്ന്

വായനയുടെ പുതിയ പ്രപഞ്ചം സൃഷ്ടിക്കുക

അടുത്ത തലമുറക്കും പ്രചോദാനമായി !!!


ജൂണിലെ മഴ

 ജൂണിലെ മഴക്കാലം എന്നും

മനസ്സിൽ നിറയ്ക്കുന്ന ഒരു സുഖമുണ്ട്

വേനലിന്റെ തീക്കനൽ ഏറ്റുവാങ്ങിയ ഭൂമി

ആദ്യമായി മഴയുടെ കുളിരും സുഗന്ധവും

നിറച്ച് നിറഞ്ഞാടുമ്പോൾ -


ജൂണിലെ രാത്രിമഴകൾക്കാണ് ഏറെ ഭംഗി

അതിലിങ്ങനെ നനയുമ്പോൾ

ഏറെ സ്നേഹിച്ചവരുടെ താലോലം

തിരിച്ചറിയുന്നു...


തൊട്ടടുത്തുനിന്നു " വേണ്ട കുട്ട്യേ കുറേ നേരായില്യേ ഈ

മഴേം കൊണ്ടു നിക്കുണ് കേറി പോരു  "

എന്ന അമ്മേടെ കരുതൽ........ കാതിൽ

ഇന്നും കേൾക്കാം .... അവ്യക്തമായാണെങ്കിലും .........




16 June 2023

നന്ദിത

 വിടരും മുമ്പേ ഞെട്ടറ്റുപോയ

ഒരൂ മോഹപ്പൂവിന്റെ മനസ്സിന്റെ താളുകൾ...

എന്റെ മിത്രമേ  -

ഏതു കരാളതയാണ് നിന്റെ ചിറകുകൾ

തല്ലിതകർത്തത് ??

ഏത് അർത്ഥശൂന്യതയാണ് നിന്റെ

ഭൗതിക ശരീരത്തെ മരണത്തിനെറിഞ്ഞു കൊടുത്തത്......

നഷ്ടപ്രണയം

 രണ്ടു ദിവസം മുമ്പ്‌ സാഹിത്യ ചർച്ചയിൽ

വീണുപോയൊരു വാക്ക്

പലരും അതിനെ വളച്ചൊടിച്ചു വികൃതമാക്കിയപ്പോൾ 

നട്ടെല്ലു നിവർത്തിയിരുന്ന് ഞാനതിനെ

സൂര്യ തേജസ്സുറ്റതാക്കി !!


നിങ്ങളുടെ ഉള്ളിലെ പ്രണയം ഇല്ലാതാവുമ്പോഴാണ്

നിങ്ങൾക്ക് നഷ്ടപ്രണയം ഉണ്ടാവുന്നത്

അല്ലാതെ അതു സഫലീകരിക്കപ്പെടാതാവുമ്പോളല്ല......

ആത്മാവിന്റെ ഒത്തുചേരൽ ഒരൂ ഭാഗ്യമാണ്.....

ജീവിതത്തിന്റെ ഏത് വഴിത്തിരുവിൽ വെച്ചായാലും.....



12 June 2023

മഴ

 ഓരോ മഴപ്പെയ്ത്തും 

മനസ്സിനു തണുപ്പേകിക്കൊണ്ട്

ഓരോ ചാറ്റലും ഹൃദയത്തിന്റെ

ഊഷരതയിലേക്ക് 

 അവളോടുള്ള അവന്റെ പ്രണയം ഒരു ചോദ്യത്തിൽ അവസാനിച്ചു

ഉത്തരം പറയാനാകാത്തവിധം -

അവൾ ഉള്ളിൽ തേങ്ങിയിരുന്നു 


ആ കണ്ണുകളിൽ വിടർന്ന സ്നേഹപ്പൂക്കൾ കണ്ട്‌

അതു വിശ്വസിച്ച് 

ഒരിക്കലും തീരാത്തൊരു ഭ്രാന്തുമായി അവളും ജീവിച്ചു....

കാലങ്ങളോളം...


അവനെ  മാത്രം പ്രണയിച്ച ഭ്രാന്തുമായി....



 വ്രണിതമായൊരു ആത്മാവ് അലയുന്നു...

കാശിയിലും കേദാർനാഥിലും കൈലാസത്തിലുമായി......

ദീക്ഷ പ്രാപ്തിക്കു പോലും അർഹതയില്ലാതെ.....

എന്റെ അഗ്നിദേവനെ ..... തൃക്കണ്ണിൽ അതിനെ ഏറ്റുവാങ്ങുക

അങ്ങയുടെ അതി ശൈത്യത്തിൽ ആഴുന്നതിൽപ്പരം

എന്തു മോക്ഷമാണുള്ളത് !


 ഇലക്ട്രിക് വയറിൽ ഇരിക്കുന്ന പക്ഷികൾ

എപ്പോഴും എന്റെ നെഞ്ചിടിപ്പു കൂട്ടും.

പാവങ്ങൾ.... അവക്കറിയില്ല മരണം തൊട്ടടുത്താണെന്ന് !

ഇന്നലെ സന്ധ്യാ സമയത്ത് ഇതുപോലെ

രണ്ടു കാക്കകൾ വന്നിരുന്നു ഇലക്ട്രിക് വയറിൽ

ഭാഗ്യം... ഒരു വയറിൽ ആണിരിപ്പ്

കൊക്കുരുമ്മി സ്നേഹം പങ്കുവെക്കുന്നു, കലപില കൂട്ടി

സന്തോഷിക്കുന്നു

പെട്ടെന്ന് ആൺകാക്ക സന്തുലനം തെറ്റി ആടുന്നു

കൂടെ മറ്റേ കാക്കയും 

പ്രാണന്റെ പിടപ്പ് -----

കൂടെയുള്ളതിനെ ചേർത്തൊന്നു പിടിക്കും മുൻപേ

രണ്ടും താഴോട്ട് ശക്തമായി പതിക്കുന്നു...

ഇത്രയേ ഉള്ളൂ.... എല്ലാം ഞൊടിയിടയിൽ....


എനിക്ക് അഹങ്കാരം തീരെ ഇല്ലെന്നു പുറമെ പറയുമ്പോഴും

ഉള്ളതിനെ ചൊല്ലി അഹങ്കരിക്കുന്ന മനുഷ്യാ ----

ഇത് എങ്കിലും കണ്ടു പഠിക്കുമോ !!!



29 May 2023

കാടും മലയും തേടി ഒരു യാത്ര


തറ നിരപ്പിൽ നിന്നും ഏറെ ഉയരത്തിലേക്കുള്ള യാത്ര

ഒരുപക്ഷെ ഇത്രയും കഷ്ടപ്പെട്ട് ഇതാദ്യമായി എന്നു പറയാം

അതുവരെ വഴിയോരക്കാഴ്ചകൾ വിരളം


ഉയർന്നുനിൽക്കുന്ന പാറക്കല്ലുകളിൽ ചവുട്ടി

വെള്ളച്ചാട്ടത്തിനടുത്തു എത്തുമ്പോൾ... ദൂരെ

മലയുടെ നടുവിൽ അങ്ങിങ്ങായി ഒരു താരാട്ടുപോലെ

ഒഴുകിവരുന്ന ജലധാരാ ദൃശ്യം... ഒട്ടേറെ വശീകരിച്ചത് !!

ദൃഷ്ടികൾക്കുമപ്പുറത്തെ ഉയരത്തിൽ കണ്ണീരൊഴുക്കുന്ന മലകളെ

തഴുകി ആശ്വസിപ്പിക്കുന്ന മേഘക്കീർ .....

മൃദുവാർന്ന നേരിയ ചുംബനം പോലെ ഇളം കാറ്റിന്റെ ലാസ്യത  -

ആ കണ്ണീരുറവകളിൽ തട്ടി ബഹിർസ്പുരിപ്പിക്കുന്നു 


മൗനത്തിന്റെയും ഒറ്റപ്പെടലിന്റെയും നൊമ്പരം ഉള്ളിലൊതുക്കി ഞാനും !!

അഗാധമായി സ്നേഹിക്കാൻ കൊതിക്കുന്നത് ഇത്തരം നിമിഷങ്ങളിലാണ്....

ആ നെഞ്ചിൽ ചാഞ്ഞിരുന്ന് സ്നേഹത്തിന്റെ മർമരം കേൾക്കാൻ....




25 May 2023

ഭിക്ഷാം ദേഹി


തെരുവിന്റെ ഓരം ചേർന്നു നടന്നുവരുന്ന

ഒരു ഭിക്ഷാം ദേഹിയുടെ കയ്യിൽ

വക്കൊടിഞ്ഞ ഒരു പിത്തള പാത്രം ഉണ്ടായിരുന്നു.

അതിൽ വീണുകിടന്ന ഒന്നുരണ്ടു

നാണയത്തുട്ടുകളെ കാണിച്ച്

അയാൾ വീണ്ടും ഭിക്ഷ തുടർന്നുകൊണ്ടേയിരുന്നു.....

നേർത്തുവരുന്ന അയാളുടെ മുറവിളികളും മൗനങ്ങളും

കാലത്തിന്റെ തിരക്കിൽ പാറിനടന്നു

നീണ്ട യാത്രക്കിടയിൽ

കാലത്തെപ്പറ്റിയുള്ള കണക്കുകൂട്ടലുകൾ

അയാൾ നിറുത്തിയിരിക്കുന്നു...

പക്ഷേ -----

അയാൾ തിരിഞ്ഞുനടക്കുമ്പോൾ

അയാൾക്കൊരു സ്ത്രീയുടെ നിഴലായിരുന്നു ....

 നിന്റെ മുൾവേലിപ്പടർപ്പുകളിൽ പെട്ട്‌

എന്റെ ചിറകുകൾ മുറിയുന്നു..

എന്റെ പ്രാണനെ ... നീ അത്രക്കെന്നെ വേദനിപ്പിക്കുന്നു....

ഒരുപാട്  അകലങ്ങളിൽ  ആണെങ്കിലും എന്നിൽ നീ

അടുക്കുകയാണെന്നറിയുന്ന മനസ്സ്.


ഒരു കനൽക്കട്ട ഇന്നും ഉള്ളിന്റെയുള്ളിൽ എരിഞ്ഞുകൊണ്ടിരിക്കുന്നു

നീയെന്നെ അറിഞ്ഞില്ലെന്ന സത്യം


ഈ കടലും ആകാശവും എന്നിൽ പെയ്തിറങ്ങുന്ന മഴയും

നിന്നിൽ നിറയട്ടെ !

പ്രണയത്തിനും മരണത്തിനും മധ്യെ 

അറിഞ്ഞു നീ സമ്മാനിക്കുന്ന വേദനകൾ....


ജീവിതം --------

കൈകോർത്തുപിടിച്ച വഴിയാത്രക്കാരായി

നമ്മൾ എന്നെങ്കിലും കണ്ടുമുട്ടട്ടെ....

വന്യമായ കാടിന്റെ കവാടം... .

 











ഉള്ളിലേക്ക്   പോവുന്തോറും ഭ്രമിപ്പിക്കുന്ന ഇരുട്ട്‌

സൂര്യനെ കൈക്കുമ്പിളിൽ മറച്ചുപിടിച്ച്

കാടിന്റെ രുദ്ര താണ്ഡവം.........

ഒരു പകർന്നാട്ടം പോലും ക്യാമറയിൽ ഒപ്പിയെടുക്കാനാവാതെ

ഈ ഞാനും .........




13 May 2023

ഗുൽമോഹർ



   എനിക്ക് ഏറെ പ്രിയപ്പെട്ട എൻ്റെ   ഗുൽമോഹർ

   മെയ് മാസം പകുതി ആയിട്ടും എന്തേ ഇത്തവണ 

   പൂത്തുലയുവാൻ വൈകി ? 

  


 


      

11 May 2023

ശൂന്യത

വർഷങ്ങൾ തേടിയ യാത്ര...

പ്രാണനും ജീവതത്തിനും ഇടക്കു 
കാലങ്ങളുടെ ശൂന്യത...

ഇന്നും ആ ശൂന്യത അതേപോലെ തുടരുന്നു..
മറുകുറിപ്പില്ലാത്ത ഒരു കത്തെഴുത്തു പോലെ...



10 May 2023

 




    ഇന്നലത്തെ സന്ധ്യ എന്റെ തറവാട് ക്ഷേത്രത്തിൽ ആയിരുന്നു ...
എന്റെ പരദേവത കുടിയിരിക്കുന്ന ശ്രീലകം ....
പെയ്യാൻ കൊതിച്ച മേഘങ്ങൾ തന്ന നേർത്ത ഇരുട്ടിൽ 
ചുറ്റിലും കത്തിച്ചു വെച്ച വിളക്കുകളിൽ നിറഞ്ഞാടി 
ദേവീ വിഗ്രഹത്തിന്റെ ചൈതന്യം ...
ആ സൗഭാഗ്യം ഏറ്റുവാങ്ങി ഓരോ ഭക്തരും ...

 വീണ്ടും എഴുതിത്തുടങ്ങുകയാണ്....

കഴിഞ്ഞുപോയ എത്രയോ വർഷങ്ങൾക്ക് ശേഷം !

അക്ഷരങ്ങളിൽ നിന്നുമുള്ള ഒളിച്ചോടൽ

അസാധ്യമാണെന്ന തിരിച്ചറിവുണ്ടായിരിക്കുന്നു.


സ്പന്ദനങ്ങളായ് തൊട്ടറിയുന്ന ' ആ അദൃശ്യത`

എന്റെ വിരലുകൾ ചലിപ്പിക്കുംപോലെ -----


ഓരോ കണ്ണീരും അമ്മയുടെ പാദങ്ങളിലേക്ക് .....

അനുഭവിച്ചറിഞ്ഞ ഓരോ ചെറിയ സന്തോഷങ്ങളും

ആ കൈക്കുമ്പിളിലേക്ക്...

ആ അദൃശ്യതയാണ് ഇന്നും എനിക്ക് ചായാവുന്ന

മടിത്തട്ട് ............

ഞാനെന്ന സത്യവും 

എന്റെ കൂട്ടും... എന്റെ വഴികാട്ടിയും !!!

08 May 2023

ഈ നിലാമഴ നനയാം




നെറുകിൽ നിന്നും നെഞ്ചിലേക്കു നീളുന്ന   

ഈ നിലാമഴയും നനയാം .........

ഇരുട്ടില്ലാത്ത രാവിലും മുഖങ്ങൾ കാണാനാവാതെ ......

പരസ്പരം അപരിചിതരായി ....

ഇനിയും എത്ര കാലം 


ഇതും കാലത്തിന്റെ ഏടുകളിൽ എഴുതപ്പെട്ടേക്കാം ....